Wednesday, October 1, 2008

ബൊക്ക ഗ്രാന്റെ

ചുമ്മാ കൂട്ടുകാരോടൊത്ത് ഇരുന്നു കത്തിവക്കാന്‍ ആര്‍ക്കാ ഇഷ്ടമല്ലാത്തെ? ഇവിടെ ഈ ബാംഗ്ലൂരില്‍ തിരക്കു പിടിച്ച ജോലിക്കിടയില്‍ മിക്കവാറും അതിനൊന്നും സമയം ആര്‍ക്കും കിട്ടാറില്ല എന്നതാണു സത്യം.
വീണു കിട്ടുന്ന വാരാന്ത്യങള്‍ ആണ്‌ പിന്നെ ആകെ ഉള്ളത് - എല്ലാവരും കൂടി ഒത്ത് ചേര്‍ന്ന്‌ ഒന്ന്‌ കണ്‍ട് രണ്ട് വര്‍തതമാനം പറഞിരിക്കാന്‍ ഷോപ്പിങ് മാളുകളൊ കോഫിഡെയൊ അല്ലാതെ ഒരു സ്ഥലം തപ്പി നടക്കുന്ന വഴിക്കാണ്‍്‌ ഇവിടെ എത്തിപ്പെട്ടെ - 'ബൊക്ക ഗ്രാന്റെ'. പേര്‌ പോലെ തന്നെ (ബൊക്ക ഗ്രാന്റെ - വലിയ വായ) കത്തി വക്കാന്‍ ഉള്ളവര്‍ക്കായി ഉണ്ടാക്കിയ സ്ഥലം. 
കോറമംഗള പോലീസ് സ്റ്റേഷനു മുന്നിലായി, തിരക്കില്‍ നിന്നു കുറച്ചു മാറി, എന്നാല്‍ റോഡരികില്‍ തന്നെ ആണ്‍്‌ ഈ ആധുനിക ചായക്കട. മുറ്റത്തു (മതിലിനു പുറത്തു) ഒരു വലിയ തണല്‍ മരം ഉള്ളതു കാരണം ചിലപ്പോ കണ്ണിപ്പെടില്ല ഇത്.  
ഗേറ്റ് തുറന്നു അകത്ത് കടന്നാല്‍ ഒരു വശത്ത് വെള്ളാരം കല്ലുകളില്‍ കുറെ ഇരിപ്പിടങള്‍, വാതില്‍ തുറന്ന്‌ കയറിയാല്‍ ചെറു ഗ്രൂപ്പുകളായി സോഫകള്‍, കസേരകള്‍, ഗോവണി വഴി മുകളില്‍ കയറിയാല്‍ വീണ്ടും പല തരത്തിലുള്ള ഇരിപ്പിടങള്‍ - ഇരിക്കാന്‍ ഒരു സ്ഥലം തിരഞെടുക്കാന്‍ തന്നെ ഇച്ചരെ പാടാ -അത്രക്കുണ്‍ടു ഓപ്ഷന്‍സ്. 
ഭക്ഷണപ്രേമികളെ ഒരിക്കലും നിരാശപ്പെടിത്തില്ല ബൊക്ക ഗ്രാന്റെ - സൂപ്പ് മുതല്‍ ഡെസെര്‍ട്ട് വരെ മതിവരുവോളം ആസ്വദിക്കാന്‍ ഇഷ്ടം പോലെ ഐറ്റംസ് - പച്ചകറി ആയാലും, നോണ്‍ വെജ് പ്രേമി ആയാലും. ആദ്യം ഓര്‍ഡര്‍ ചെയ്ത 'ചിക്കന്‍ ആന്റ് മഷ്റൂം സൂപ്പ്' സാമാന്യം നിലവാരം പുലര്‍ത്തി - പക്ഷെ പിന്നാലെ വന്ന 'പൊട്ടറ്റൊ വെഡ്ജ്സ്' അടിപൊളി ആയിരുന്നു.
'ചിക്കന്‍ സീസര്‍ സാലഡ്', 'ഗാര്‍ഡന്‍ സാലഡ്' എന്നിവയും നല്ല നിലവാരം പുലര്‍ത്തി - ചുമ്മാ ഇരുന്നു കത്തി വയ്ക്കുമ്പോ കൊറിക്കാന്‍ പറ്റിയ സാധനം.  
പിസ്സാ പ്രേമികളെ ഒട്ടും നിരാശപ്പെടുത്തില്ല ഇവിടെത്തെ പിസ്സ - നേര്‍ത്ത പിസ്സാ ബേസില്‍ തയ്യാര്‍ ചെയ്ത് എടുക്കുന്ന പേര്‍സണല്‍ സൈസിലെ പിസ്സ തീര്‍ച്ചയായും പരീക്ഷിച്ചു നോക്കെണ്ടതാണ്‌.
കുടിക്കാന്‍ ചോകൊലെറ്റ് മില്‍ക് ഷേക്കും ലിറ്റ്ച്ചി മില്‍ക് ഷേക്കും പരീക്ഷിച്ചു നോക്കിയതില്‍ ലിറ്റ്ച്ചി മില്‍ക് ഷേക്കിന്‌ മധുരം ഇച്ചരെ കൂടുതലായി എന്നതൊഴിച്ചാല്‍ രണ്‍ടും വളരെ നന്നായിരുന്നു. 
ഞങള്‍ ഓര്‍ഡര്‍ ചെയ്ത 'ചിക്കന്‍ കോര്‍ഡണ്‍ ബ്ലു', 'ഗ്രില്‍ഡ് ചിക്കന്‍ വിത്ത് സാള്‍ട്ടിംബൊക്ക' എന്നിവ പ്രതീക്ഷിച്ചതിലും നന്നായി.  
വായില്‍ വെള്ളമൂറിക്കുന്ന നിരവധി തരത്തിലുള്ള കേക്കുകളും ഐസ്ക്രീമുകളും കണ്ടെങിലും വയറില്‍ സ്ഥലമില്ലാത്തതിന്റെ പേരില്‍ അതു പിന്നീടു ആകാം എന്നു വച്ചു, അതിനാല്‍ അതിന്റെ കുറിച്ചു അഭിപ്രായം പറയുന്നില്ല.  
ബൊക്ക ഗ്രാന്റെയില്‍ ഇരുന്നു കത്തിവച്ചു മടുക്കുമ്പോ അതിനുള്ളിലെ ഡിസൈനര്‍ ബൊത്തിക്ക് - ഇറ - ഒന്നു കയറി നോക്കു - വ്യതസ്ഥമായ രീതിയില്‍ വസ്ത്രധാരണം ചെയ്യാന്‍ അവര്‍ സഹായിക്കും (സാമാന്യം കനമുള്ള മടിശ്ശീല ഉള്ളവര്‍ക്കു മാത്രം)